ലോക്ക് ഡൗൺ: നിയന്ത്രണങ്ങൾ പാലിക്കണം, കുറച്ച് ദിവസം കൂടി – പ്രധാനമന്ത്രി

ന്യൂഡെൽഹി: കൊറോണയ്ക്കെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കടുത്ത തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതമായി. രാജ്യം ഒറ്റക്കെട്ടായി നിന്ന് മഹാമാരിക്കെതിരെ പോരാടണമെന്നും പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ ആവശ്യപ്പെട്ടു.

നിങ്ങളെയും കുടുംബത്തെയും വൈറസിൽനിന്ന് രക്ഷിക്കാനാണ് ലോക്ക് ഡൗൺ കൊണ്ടുവന്നിട്ടുള്ളത്. ധൈര്യവാൻമാരായിരിക്കുകയും ലക്ഷ്മണരേഖ വരയ്ക്കുകയും വേണം. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർ സ്വന്തം ആരോഗ്യത്തെ അപകടപ്പെടുത്തുകയാണ്.

ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നു. ലോക്ക് ഡൗൺ അല്ലാതെ മറ്റൊരു മാർഗവും ഈ മഹാവ്യാധിക്കെതിരെ സ്വീകരിക്കാനില്ല. നിയന്ത്രണങ്ങൾ കുറച്ചു ദിവസങ്ങൾക്കൂടി പാലിക്കാൻ ഇന്ത്യൻ ജനത തയ്യാറാകണം. മനുഷ്യവർഗം ഒന്നിച്ചുനിന്ന് നടത്തേണ്ട പോരാട്ടമാണിത്. ചിലരൊക്കെ നിയന്ത്രണങ്ങൾ പാലിക്കാത്തത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.

21 ദിവസത്തെ ലോക്ക് ഡൗൺ മൂലമുള്ള ബുദ്ധിമുട്ടിൽ പാവപ്പെട്ട ജനങ്ങൾക്ക് എന്നോട് ദേഷ്യമുണ്ടാകുമെന്ന് എനിക്കറിയാം. എന്നാൽ ഇത്തരമൊരു തീരുമാനമെടുക്കുകയല്ലാതെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല. നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഞാൻ ക്ഷമചോദിക്കുന്നു.

ഈ രോഗം നമ്മെ ഇല്ലാതാക്കുന്നതിനു മുൻപ് നാം അതിനെ പ്രതിരോധിച്ച് തോൽപ്പിക്കണം. ലോകത്തെ മുഴുവൻ തടവിലാക്കിയിരിക്കുകയാണ് ഈ വൈറസ്. വൃദ്ധരെയും യുവാക്കളെയും ശക്തരെയും ദുർബലരെയും ഒരേപോലെ അത് ബാധിച്ചു. മനുഷ്യകുലം മുഴുവൻ ഒരുമിച്ചുനിന്ന് ഈ പ്രതിസന്ധിയെ നേരിടണം, 

നിരവധി ആരോഗ്യ പ്രവർത്തകർ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. നേഴ്സുമാരും ഡോക്ടർമാരും പാരമെഡിക്കൽ ജീവനക്കാരും അടക്കമുള്ള ഈ മുന്നണിപ്പോരാളികൾ സ്വന്തം വീട്ടിൽനിന്നു പുറത്തിറങ്ങിയാണ് വൈറസിനെതിരായ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു