കോഴിക്കോട്: ബീവറേജുകളും ബാറുകളും താല്‍ക്കാലികമായി അടച്ച സാഹചര്യത്തില്‍ ജില്ലയില്‍ ലഹരിവസ്തുക്കള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി. എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 4.5 ലിറ്റര്‍ മദ്യവുമായി ഒരാളെ അറസ്റ്റുചെയ്തു, 1.03 കിലോഗ്രാം കഞ്ചാവുമായി മറ്റൊരാളെയും അറസ്റ്റ് ചെയ്തു.
കട്ടിപ്പാറ ചുണ്ടന്‍കുഴിയില്‍ നിന്ന് രത്നാകരന് എന്നയാളെയാണ് മദ്യവുമായി അറസ്റ്റ് ചെയ്തത്. ഉണ്ണികുളം വള്ളിയോത്ത് നിന്ന് മുഹമ്മദ് ഷാഹിന്‍ (21) ആണ് കഞ്ചാവുമായി പിടിയിലായത്. ഒരു സ്കൂട്ടറും പിടിച്ചെടുത്തു. താമരശേരി എക്സൈസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
നിരോധനത്തെ തുടര്‍ന്ന് അടച്ചിട്ട ക്ലബുകള്‍, ബാറുകള്‍, ബിയര്‍ പാര്‍ലറുകള്‍, കള്ള്ഷാപ്പുകള്‍ തുടങ്ങിയ ലൈസന്‍സുള്ള എല്ലാ സ്ഥലങ്ങളിലും കള്ള് ചെത്ത് കേന്ദ്രങ്ങളിലും പരിശോധന തുടരും. മുന്‍കുറ്റവാളികളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ എല്ലാ സബ് ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.
