നടച്ചങ്ങലയിൽ ഗജവീരന്മാർ ലോക്ക് ഡൗണിലായി ഉടമകൾ

കൊയിലാണ്ടി: നിത്യവും നടച്ചങ്ങലയിൽ ലോക്ക് ഡൗണായ ഗജവീരന്മാർക്കൊപ്പം കൊവിഡ് 19 ൻ്റെ ലോക്ക് ഡൗണിൽ ആന ഉടമകളും ലോക്കാണ്.
ഒരു ദിനം ആനയെ തീറ്റി പോറ്റാൻ ആയിരം രൂപയോളം ചെലവ് വരുമെങ്കിലും ആന എഴുന്നള്ളത്തും ആഘോഷവുമായി നിത്യ ചെലവുകൾ കഴിഞ്ഞു പോകുമായിരുന്നു. എന്നാൽ രാജ്യം മുഴുക്കെ ലോക്ക് ഡൗണായതോടെ ആന ഉടമകൾ ആന കുഴിയിൽ വീണ അവസ്ഥയിലാണ്.
പ്രതിദിനം പനയോല നൽകുന്നത് നിലച്ചു. വാഹന സൗകര്യമില്ലാത്തതിനാൽ പ്രധാന ഭക്ഷണമായ പനയോല കിട്ടാക്കനിയായി. പകരം തെങ്ങോലയും മറ്റും ചിലർ നൽകി തുടങ്ങി.
പ്രതിവർഷം ഉത്സവവേളകളിൽ ലഭിക്കുന്ന വരുമാനമാണ് ഉടമകൾ ആനകളുടെ പരിപാലനത്തിനായി നീക്കിവെക്കാറുള്ളത്. മലബാറിലെ പല  പ്രമുഖ ക്ഷേത്രോത്സവങ്ങൾക്കും കടിഞ്ഞാൺ വീണതോടെ ഗജ പരിപാലനം ഗതിമുട്ടുന്ന സ്ഥിതിയിലാണ്. ജനപ്രിയരായ മിക്ക ഗജവീരന്മാരും ഗജറാണിമാരും വിശ്രമത്തിലാണിപ്പോൾ.
മലബാറിന്റെ ഗജറാണിയെന്ന് വിശേഷിപ്പിക്കുന്ന കൊയിലാണ്ടി കൊരയ ങ്ങാട് തെരുവിലെ കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ‘ഇപ്പോൾ ആളാരവങ്ങളൊഴിഞ്ഞ് തേപ്പും കുളിയുമായി സമ്പൂർണ്ണ വിശ്രമത്തിലാണ്. മേഖലയിലെ ഏറിയ പങ്കും ഉത്സവച്ചടങ്ങുകളിൽ നിറസാന്നിധ്യമാണ് ശ്രീദേവി.
മലബാറിലെ പിഷാരികാവ് ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളില നാന്ദകം എഴുന്നെള്ളിക്കാറുള്ളത് ഈ സഹ്യപുത്രിയാണ്. ആനപ്രേമികളുടെ ആരാധ്യയായ ശ്രീദേവിയുടെ മുഖ്യ ഭക്ഷണമായ പനമ്പട്ട എത്തിക്കാനും പ്രയാസം നേരിടുന്നതായി സംരക്ഷകരായ കളിപ്പുരയിൽ രവീന്ദ്രനും മകൻ രസ്ജിത്തും പറയുന്നു.
പ്രകൃതിയിൽ ചുടു കൂടുന്നതിനാൽ ആ രീതിയിലുള്ള പരിപാലനം ആനകൾക്ക് വേണം. ആനകൾക്ക് പനമ്പട്ട കൊണ്ടുവരാനുള്ള സൗകര്യം ഉണ്ടാവണമെന്നാണ് സംരക്ഷകർ ആവശ്യപ്പെടുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു