
ഗുരുവായൂർ: ഗുരുവായൂരിൽ ആനത്താവളത്തിൽ ആന ഇടഞ്ഞ് ആനപ്രതിമ കുത്തിമറിച്ചിട്ട് നശിപ്പിച്ചു. ദേവസ്വം കൊമ്പൻ വലിയ വിഷ്ണുവാണ് ഞായറാഴ്ച രാവിലെ പത്തോടെ ഇടഞ്ഞത്. പട്ടകൊണ്ടുപോകാനായി ആനത്താവളത്തിന്റെ വടക്കേമുറ്റത്തേക്ക് കൊണ്ടു വന്നതായിരുന്നു. പെട്ടെന്ന് പ്രകോപിതനായി തിരിഞ്ഞോടി.
ആനത്താവളത്തിന്റെ പ്രവേശന കവാടത്തിന് മുമ്പിൽ അലങ്കാരത്തിനായി വച്ചിരുന്ന മൂന്നടിയോളം വരുന്ന പ്രതിമക്ക് നേരെയായി ആക്രമണം. ഫൈബർ പ്രതിമ മറിച്ചിട്ടിട്ടും അരിശം തീരാതെ കൊമ്പൻ ആക്രമണം തുടർന്നു. അരമണിക്കൂറിനുള്ളിൽ പാപ്പന്മാർ ആനയെ നിയന്ത്രണ വിധേയമാക്കി. മദപ്പാടിന്റെ ലക്ഷണമായതിനാൽ പിന്നീട് നീരിൽ തളച്ചു. ഒരു ഭക്തൻ വഴിപാടായി നൽകിയതാണ് പ്രതിമ. സന്ദർശകർ ഈ പ്രതിമക്കരികിൽ നിന്ന് ഫോട്ടോയെടുക്കാറുള്ളതാണ്.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്നതിനാൽ കൂടുതൽ അനിഷ്ടങ്ങൾ ഒഴിവായി.