കോവിഡ് : ഗുരുവായൂർ സ്വകാര്യ ലോഡ്ജുകൾ ഏറ്റെടുക്കും

ഗുരുവായൂർ: കൊവിഡ് 19 വയറസ് ബാധ സംശയിക്കുന്ന നിരീക്ഷണത്തിലുള്ളവരെ അടിയന്തിര ഘട്ടങ്ങളിൽ താമസിപ്പിക്കുന്നതിനായി ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജുകൾ, ജില്ലാഭരണകൂടം ഏറ്റെടുക്കാൻ തീരുമാനിച്ചു. മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയിൽ ഗുരുവായൂരിലെ ലോഡ്ജുടമകളുമായി നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം.

ഇതിന്റെ ഭാഗമായി കളക്ടറുടെ നേതൃത്വത്തിൽ ലോഡ്ജുകൾ പരിശോധിച്ച് കണക്കെടുപ്പ് തുടങ്ങി. ജില്ലയിൽ രണ്ടായിരം പേരെ ഒറ്റയ്ക്ക് താമസിപ്പിക്കുന്നതിനുള്ള സൗകര്യമാണ് കണ്ടെത്തുന്നത്. ഗുരുവായൂരിൽ ആയിരം പേരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഏർപ്പെടുത്തി വെയ്ക്കുന്നത്. അടുത്തടുത്തായി ഇത്രയധികം പേരെ ഒറ്റയ്ക്ക് താമസിപ്പിക്കാൻ സൗകര്യമുള്ള സ്ഥലം എന്ന നിലയിലാണ് ഗുരുവായൂരിനെ തെരഞ്ഞെടുത്തത്.

മുൻകരുതലിന്റെ ഭാഗമാണിതെന്ന് ജില്ല കളക്ടർ എസ്.ഷാനവാസ് അറിയിച്ചു. ആശുപത്രികളും മറ്റും നിറയുകയും നിരീക്ഷണത്തിൽ കഴിയേണ്ടവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യം മുൻകൂട്ടി കണ്ടാണ് ഇത്തരം സംവിധാനം ഒരുക്കുന്നത്. ഉടമകൾ സ്വമേധയ നൽകാത്ത ലോഡ്ജുകൾ പോലീസ് സഹായത്തോടെ പിടിച്ചെടുക്കുമെന്നും കളക്ടർ പറഞ്ഞു.

സർക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് ലോഡ്ജുകളും സവിധാനകളും നൽകാൻ തയ്യാറാണെന്ന് ഉടമകളുടെ അസോസിയേഷൻ അറിയിച്ചു. ശുദ്ധജലക്ഷാമവും മാലിന്യസംസ്‌കരണത്തിനുള്ള ബുദ്ധിമുട്ടും അനുഭവപ്പെടുന്നതായി ലോഡ്ജുടമകൾ പറഞ്ഞു. ശുദ്ധജലക്ഷാമം പരഹരിക്കാൻ ചൊവ്വല്ലൂർപ്പടിയിലെ സ്വകാര്യ കുടിവെള്ള സ്‌ത്രോസസ്സുകൾ ഭരണകൂടം ഏറ്റെടുക്കും. ഗുരുവായൂർ ദേവസ്വത്തിന്റെ മൂന്ന് ഗസ്റ്റ്ഹൗസുകളിലായി 236 മുറികൾ നൽകാൻ തയ്യാറാണെന്ന് ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് പറഞ്ഞു.

ആവശ്യമായി വരികയാണെങ്കിൽ ലോഡ്ജുകൾക്ക് പുറമേ നഗരത്തിലെ ഫ്‌ളാറ്റുകളും അപ്പാർട്ട്‌മെന്റുകളും ഒഴിഞ്ഞ് കിടക്കുന്ന വീടുകളും ജില്ല ഭരണകൂടം ഏറ്റെടുക്കും. ഇവിടങ്ങളിൽ താമസിപ്പിക്കുന്നവർക്ക് വേണ്ട വൈദ്യസഹായം, ഭക്ഷണം എന്നിവ ഉറപ്പ് വരുത്തും. കിടക്കവിരികളും പുതപ്പുകളും അലയ്ക്കുന്നതിന് ലോൺട്രി തുറന്ന് പ്രവർത്തിക്കും. ലോഡ്ജുകളുടെയും മുറികളുടെയും വിരവങ്ങൾ ശേഖരിക്കാൻ തഹസിൽദാർ എം.ബി.ഗിരീഷ്, നഗരസഭ സെക്രട്ടറി എ.എസ്. ശ്രീകാന്ത് എന്നിവരെ ചുമതലപ്പെടുത്തി. ആവശ്യപ്പെടുന്ന സമയത്ത് ലോഡ്ജുകളുടെ താക്കോൽ ലഭിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് കളക്ടർ ലോഡ്ജുടമകൾക്ക് നിർദ്ദേശം നൽകി.

കെ.വി.അബ്ദുൾഖാദർ എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൻ എം.രതി, വൈസ്‌ചെയർമാൻ അഭിലാഷ് വിചന്ദ്രൻ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എസ്.വി.ശിശിർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു