കൊവിഡ് 19: സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു

കേരളത്തിൽ മരണം 2

തിരുവനന്തപുരം: കൊറോണ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ്(68)മരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് മരണം. ഈ മാസം 23 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
അബ്ദുൾ അസീസിന് ഉയർന്ന രക്ത സമ്മർദവും തൈറോയിഡ് പ്രശ്നങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചികിൽസയിലായിരിക്കെ ഇദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായതിനാൽ ഡയാലിസിസ് തുടങ്ങിയിരുന്നു.

കേരളത്തിലെ രണ്ടാമത് മരിച്ച പോത്തന്‍കോട് സ്വദേശിക്ക് എങ്ങനെ രോഗപിടിപെട്ടതില്‍ അവ്യക്തത നീങ്ങുന്നില്ല.  റിട്ടയേഡ് എഎസ്ഐ ആയിരുന്നു അദ്ദേഹം.
വിദേശ യാത്രയോ വിദേശത്തു നിന്ന് വന്നവരുമായോ യാതൊരു ബന്ധവുമില്ല.
ഈ രോ​ഗിക്ക് എങ്ങനെയാണ് രോ​ഗബാധയുണ്ടായത് എന്ന കാര്യത്തിൽ ഇനിയും ഒരു നി​ഗമനത്തിലെത്താൻ ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് സാധിച്ചിട്ടില്ല. ഇദ്ദേഹത്തെ ചികിത്സിച്ച നാല് ഡോക്ടർമാരും ഇപ്പോൾ നിരീക്ഷണത്തിലാണ്.
ഇദ്ദേഹം തോന്നയ്ക്കൽ പിഎച്ച്സിയിൽ ആദ്യം രോഗലക്ഷണങ്ങളുമായി എത്തി. എന്നാൽ പ്രാഥമിക ചികിത്സ നൽകി ആശുപത്രി അധികൃതർ തിരികെ വിട്ടു. പിന്നീട് മാർച്ച് 21-ന് വീണ്ടും കടുത്ത രോഗലക്ഷണങ്ങളുമായി ഇദ്ദേഹം അതേ പിഎച്ച്സിയിലെത്തി.

പിന്നീട് തൊട്ടടുത്ത സർക്കാർ ആശുപത്രിയിലേക്ക് കൂടി പോയ ഇദ്ദേഹത്തെ പിന്നീട് അവിടത്തെ ഡോക്ടറാണ് ദിശ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
മാർച്ച് 2-ന് നടന്ന ഒരു വിവാഹ ചടങ്ങിൽ ഇദ്ദേഹം പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നാല് മരണാനന്തര ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മാർച്ച് 20 വരെ ഇദ്ദേഹം പള്ളിയിൽ പോയിട്ടുണ്ട്. രോ​ഗലക്ഷണങ്ങളോടെ മാർച്ച് 23-ന് വെഞ്ഞാറമൂട് ​ഗോകുലം ആശുപത്രിയിൽ ഇദ്ദേഹം ചികിത്സ തേടിയ‌ിട്ടുണ്ട്.
നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇദ്ദേഹം ഇടപെട്ടതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. മാർച്ച് ആദ്യവാരം മുതലുള്ള ഇദ്ദേഹത്തിന്‍റെ സഞ്ചാര പാത ആരോ​ഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്.
മാർച്ച് രണ്ടിന് പോത്തൻകോട് വിവാഹചടങ്ങിൽ പങ്കെടുത്തു, അതേ ദിവസവും മാർച്ച് 11നും, 18നും, 21നും മരണാന്തര ചടങ്ങുകളിൽ പങ്കെടുത്തു. ഒരു കാസർകോട് സ്വദേശിയും ചെന്നൈ സ്വദേശിയും ഇദേഹം പങ്കെടുത്ത ചടങ്ങിനെത്തിയതായി വിവരമുണ്ട്.
മാർച്ച് 20- വരെ വീടിന് സമീപമുള്ള പള്ളിയിലും 69-കാരൻ പോയിട്ടുണ്ട്. സമീപത്തെ കവലയിലും ദിവസവും പോയിട്ടുണ്ട്. ഇയാൾ എത്തിയതായി ഇതിനകം സ്ഥിരീകരിച്ച ബാങ്കുകളിൽ അടക്കം ജോലി ചെയ്തവരോട് നിരീക്ഷണത്തിൽ പോകാൻ നി‍ദ്ദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ ആകെ ഏഴ് പേരാണ് കൊറോണ ബാധിതരായി ചികിത്സയിലുള്ളത്. ബാക്കി ആറ് പേരുടെയും നില തൃപ്തികരമാണ്. 1‌8145 പേർ വീടുകളിലും 93 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു